Society Today
Breaking News

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍. വിലക്കയറ്റം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിളിച്ചു ചേര്‍ത്ത തിരുവനന്തപുരം ജില്ലയിലെ മൊത്ത വ്യാപാരി സംഘടനകളുടെ പ്രതിനിധികളുടെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ലീഗല്‍ മെട്രോളജി വകുപ്പിലെയും ഉന്നത ഉഗ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിത്യോപയോഗ സാധനങ്ങളായ മുളക്, ചെറുപയര്‍, കാശ്മീരി മുളക് എന്നിവയ്ക്ക് ഒരു ജില്ലയിലെ പല പ്രദേശങ്ങളില്‍ പല വില ആശാസ്യമല്ലെന്നും അമിതവില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനും യോഗത്തില്‍ ധാരണയായി. ചില ഭക്ഷ്യോത്പന്നങ്ങള്‍ക്ക് രാജ്യത്ത് വില ഉയരുന്നതിന്റെ ഭാഗമായി ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ഇവയുടെ വിലയില്‍ പ്രകടമായ വ്യത്യാസങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്.

ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തുടര്‍ച്ചയാണ് ബുധനാഴ്ച യോഗം ചേര്‍ന്ന് വില നിലവാരം നിയന്ത്രിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍, പോലീസ് എന്നിവരടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലനിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കണമെന്നും പരിശോധനകളില്‍ വ്യാപാര സംഘടനകളുടെ സഹകരണം ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ആഴ്ചയിലൊരിക്കല്‍ വിലനിലവാരം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ അവലോകനം നടത്തണം. യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അബ്ദുള്‍ ഖാദിര്‍, തിരുവനന്തപുരം എ.ഡി.എം അനില്‍ ജോണ്‍, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികളായ പോള്‍ രാജ്, ധനീഷ് ചന്ദ്രന്‍, ഹഫ്‌സര്‍, വിജയന്‍, ചിത്തരഞ്ചന്‍ദാസ്, മണികണ്ഠന്‍, ഷെയ് ഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
 

Top